വിജ്ഞാനങ്ങളെ അളക്കാനുപയോഗിക്കുന്ന ഏത് മാനദണ്ഡങ്ങളുപയോഗിച്ച് അളന്ന് നോക്കിയാലും പ്രകൃതിപ്രതിഭാസങ്ങളെ കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങള്‍ അത്ഭുതങ്ങളാണെന്ന വസ്തുത ബോധ്യപ്പെടും. പ്രപഞ്ചത്തെയും പ്രകൃതിയെയും കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളുടെ സവിശേഷതകള്‍ താഴെ പറയുന്നവയാണ്.
1. വസ്തുതാവിവരണങ്ങളിലോ ഉപമാലങ്കാരങ്ങളിലോ ഒന്നും തീരെ അബദ്ധങ്ങളില്ല.
2. ഒരിക്കലും തെറ്റുപറ്റാത്ത വസ്തുതകളാണ് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത്.
3. ഖുര്‍ആനിന്റെ അവതരണകാലത്ത് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളുടെ സ്വാധീനം ഖുര്‍ആനില്‍ ഇല്ല.
4. ആധുനികശാസ്ത്രത്തിന്റെ പിതാക്കനമാര്‍ക്കുണ്ടായിരുന്ന അബദ്ധധാരണകള്‍ പോലും ഖുര്‍ആനിലില്ല.
5. ഭാഷാപ്രയോഗങ്ങളില്‍ പോലും കൃത്യത പുലര്‍ത്താന്‍ ഖുര്‍ആന്‍ ശ്രദ്ധിക്കുന്നു
6. പദങ്ങള്‍ കൃത്യവും സൂക്ഷ്മവുമായി നിലനില്‍ക്കുന്നു.
7. ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട എണ്ണങ്ങള്‍ പോലും കൃത്യമാണ്
8. ഖുര്‍ആനില്‍ പറഞ്ഞ ക്രമം പോലും ശരിയാണ്.
9. ഒരിക്കല്‍ ശരിയല്ലെന്ന് തോന്നിയ പരാമര്‍ശങ്ങള്‍ പോലും പിന്നീട് ശരിയാണെന്ന് ബോധ്യപ്പെടുന്നു.
അബദ്ധങ്ങളില്ല!
പ്രകൃതിപ്രതിഭാസങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളില്‍ അവ രചിക്കപ്പെട്ട കാലത്ത് നിലനിന്നിരുന്ന അബദ്ധസങ്കല്‍പങ്ങളുടെ സ്വാധീനമുണ്ടാവുക സ്വാഭാവികമാണ്. ഭൌമ കേന്ദ്രപ്രപഞ്ചത്തില്‍ വിശ്വസിച്ചിരുന്ന കാലത്ത് രചിക്കപ്പെട്ട ഗ്രന്ഥങ്ങ ളിലെല്ലാം പ്രസ്തുത വിശ്വാസത്തിന്റെ സ്വാധീനം കാണാന്‍ കഴിയും. പ്രപഞ്ചത്തെയോ പ്രകൃതിയെയോ കുറിച്ച് നേരിട്ട് പരാമര്‍ശിക്കുന്ന ഗ്രന്ഥങ്ങളില്‍ ഇത്തരം അബദ്ധങ്ങളുടെ തോത് കൂടുതലായിരിക്കും; അതല്ലാത്ത ഗ്രന്ഥങ്ങളിലെ ഉപമാലങ്കാരങ്ങളിലും ഉദാഹരണങ്ങളിലുമായിരിക്കും ഇത്തരം അബദ്ധങ്ങളുടെ സ്വാധീനം നമുക്ക് കാണാനാവുക. ന്യൂട്ടന്‍ മുതല്‍ ഐന്‍സ്റീന്‍ വരെയുള്ളവരുടെ ശാസ്ത്രലേഖനങ്ങളും ബൈബിള്‍ മുതല്‍ ഉപനിഷത്തുകള്‍ വരെയുള്ള വേദഗ്രന്ഥങ്ങളും ദി റിപ്പബ്ളിക്ക് മുതല്‍ അര്‍ഥശാസ്ത്രം വരെയുള്ള രാഷ്ട്രീയമീംമാംസാ ഗ്രന്ഥങ്ങളുമെല്ലാം പരിശോധിച്ചാല്‍ അവ എഴുതപ്പെട്ട കാലത്തെ അബദ്ധങ്ങള്‍ നേര്‍ക്കുനേരെ പകര്‍ത്തിയതിനും സ്വാധീനിച്ചതിനുമെല്ലാമുള്ള നിരവധി ഉദാഹരണങ്ങള്‍ കണ്ടെത്താന്‍ കഴിയും.
ഇതില്‍നിന്ന് തികച്ചും വേറിട്ടു നില്‍ക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. അന്നത്തെ അബദ്ധ സങ്കല്‍പങ്ങളുടെ യാതൊരു സ്വാധീനവും ഖുര്‍ആനില്‍ കണ്ടെത്തുവാന്‍ കഴിയില്ല. ഉപമാലങ്കാരങ്ങളിലും ഉദാഹരണങ്ങളിലും പോലും സൂക്ഷ്മതയും കൃത്യതയും പുലര്‍ത്തുവാന്‍ ഖുര്‍ആന്‍ ശ്രദ്ധിക്കുന്നുവെന്നതാണ് അതിന്റെ സവിശേഷത.
സൂര്യചന്ദ്രന്‍മാരെക്കുറിച്ച ഖുര്‍ആന്‍ പരാമര്‍ശങ്ങള്‍ ഉദാഹരണമായെടുക്കുക. “ചന്ദ്രനെ അവിടെ ഒരു പ്രകാശമാക്കിയിരിക്കുന്നു. സൂര്യനെ ഒരു വിളക്കുമാക്കിയിരിക്കുന്നു.” (71:16)
“സൂര്യനെ ഒരു പ്രകാശമാക്കിയത് അവനാകുന്നു. ചന്ദ്രനെ അവനൊരു ശോഭയാക്കുകയും, അതിന് ഘട്ടങ്ങള്‍ നിര്‍ണയിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും അറിയുന്നതിന് വേണ്ടി. യഥാര്‍ഥ മുറപ്രകാരമല്ലാതെ അല്ലാഹു അതൊന്നും സൃഷ്ടിച്ചിട്ടില്ല. മനസ്സിലാക്കുന്ന ആളുകള്‍ക്കു വേണ്ടി അല്ലാഹു തെളിവുകള്‍ വിശദീകരിക്കുന്നു.” (10:5)
“ആകാശത്ത് നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും (സൂര്യന്‍) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു.” (25:61)
ഈ വചനങ്ങളില്‍ സൂര്യനെ വിളിച്ചിരിക്കുന്നത് സിറാജ്, ദ്വിയാഅ് എന്നിങ്ങനെയാണ്. സിറാജ് എന്നാല്‍ ‘വിളക്ക്’ എന്നാണര്‍ഥം; ദ്വിയാഅ് എന്നാല്‍ ‘സ്വയം തിളങ്ങുന്ന ശോഭ’യെന്നും. ചന്ദ്രനെ വിളിച്ചരിക്കുന്നതാകട്ടെ നൂര്‍ എന്നോ മുനീര്‍ എന്നോ ആണ്. നൂര്‍ എന്നാല്‍ ‘പ്രകാശം’ എന്നാണര്‍ഥം; മുനീര്‍ എന്നാല്‍ ‘വെളിച്ചം നല്‍കുന്നത്’ എന്നും. സിറാജ് പ്രകാശത്തിന്റെ സ്രോതസ്സാണ്. നൂര്‍ അത് നിര്‍മിക്കുന്ന പ്രകാശവും. സൂര്യനാണ് പ്രകാശത്തിന്റെ സ്രോതസ്സ് എന്നും ചന്ദ്രനില്‍ നിന്ന് ലഭിക്കുന്നത് സൂര്യനില്‍ നിര്‍മിക്കപ്പെടുന്ന പ്രകാശമാണെന്നും സ്വയം പ്രകാശിക്കാത്ത ചന്ദ്രനില്‍ സൂര്യപ്രകാശം പ്രതിചലിക്കുന്നതുകൊണ്ടാണ് അതില്‍നിന്ന് നമുക്ക് വെളിച്ചം ലഭിക്കുന്നത് എന്നും ഇന്നു നമുക്കറിയാം. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുന്ന കാലത്ത് മനുഷ്യര്‍ക്ക് ഇല്ലാതിരുന്ന അറിവാണിത്. എത്ര കൃത്യമാണ് ഖുര്‍ആനിക പരാമര്‍ശങ്ങള്‍!
‘സിറാജ്’ എന്ന അറബി പദത്തിന്റെ നേര്‍ക്കുനേരെയുള്ള അര്‍ഥം ‘വിളക്ക്’ എന്നാണ്. രാത്രിയിലാണ് മനുഷ്യര്‍ക്ക് വിളക്ക് ആവശ്യമായി വരാറുള്ളത്. നല്ല നിലാവുള്ള രാത്രിയില്‍ ചന്ദ്രന്‍ നമുക്ക് വിളക്കിന് പകരമാവാറുണ്ട്. അതുകൊണ്ടുതന്നെ സാധാരണഗതിയില്‍ ചന്ദ്രനെയാണ് വിളക്കിനോട് ഉപമിക്കുവാന്‍ ഏറ്റവും അനുയോജ്യം. മനുഷ്യരുടെ ഉപമാലങ്കാരങ്ങളില്‍ അങ്ങനെയാണ് കാണപ്പെടുക. ഖുര്‍ആന്‍ ഇവിടെ കൃത്യത പുലര്‍ത്തുന്നു. സൂര്യനാണ് യഥാര്‍ഥത്തില്‍ വിളക്ക്; പ്രകാശത്തിന്റെ സ്രോതസ്സ്. ചന്ദ്രനില്‍ നാം കാണുന്നത് പ്രതിഫലിക്കപ്പെട്ട പ്രകാശം മാത്രമാണ്. ഖുര്‍ആന്‍ സൂര്യനെ സിറാജായും ചന്ദ്രനെ നൂറായും പരിചയപ്പെടുത്തുന്നു. പതിനാലു നൂറ്റാണ്ടു മുമ്പത്തെ അറിവിന്റെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടതായിരുന്നുവെങ്കില്‍ ഇത്ര കൃത്യമായ പരാമര്‍ശങ്ങള്‍ കാണുവാന്‍ നമുക്ക് കഴിയുകയില്ലായിരുന്നു. സര്‍വ്വേശ്വരനായ തമ്പുരാന്റെ വചനങ്ങളാണ് ഖുര്‍ആന്‍ എന്ന വസ്തുത വ്യക്തമാക്കുന്നതാണ് ഈ കൃത്യത.
വിമര്‍ശനം
ഖുര്‍ആന്‍ 33:45,46ല്‍ മുഹമ്മദ് നബി(സ്വ)യെ വിളക്കായും (സിറാജ്) 24:35ല്‍ അല്ലാഹുവിനെ പ്രകാശമായും (നൂര്‍) ഉപമിച്ചിട്ടുണ്ടെന്നും മുഹമ്മദ് നബി(സ്വ)യാണ് പ്രകാശ സ്രോതസ്സെന്നും അല്ലാഹു അദ്ദേഹത്തിന്റെ പ്രകാശം പ്രതിഫലിപ്പിക്കുകയാണെന്നുമാണ് നടേ പറഞ്ഞ വ്യാഖ്യാനം അംഗീകരിച്ചാല്‍ വന്നു ചേരുകയെന്നും വിമര്‍ശിക്കുന്നവരുണ്ട്.
ഉദ്ധരിക്കപ്പെട്ട ഖുര്‍ആന്‍ വചനങ്ങള്‍ പരിശോധിക്കുക.
“നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും, താക്കീതുകാരനും ആയിക്കൊണ്ട് നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനും, പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട്.” (33:45,46)
“അല്ലാഹു ആകാശങ്ങളുടെയും ഭൂമിയുടെയും പ്രകാശമാകുന്നു. അവന്റെ പ്രകാശത്തിന്റെ ഉപമയിതാ: (ചുമരില്‍ വിളക്ക് വെക്കാനുള്ള) ഒരു മാടം അതില്‍ ഒരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നാണ് അതിന് (വിളക്കിന്) ഇന്ധനം നല്‍കപ്പെടുന്നത്. അതായത് കിഴക്ക് ഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍ നിന്ന്. അതിന്റെ എണ്ണ തീ തട്ടിയില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിന്‍മേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താന്‍ ഉദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്ക് വേണ്ടി ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനത്രെ.” (24:35)
ഈ രണ്ട് വചനങ്ങളും രണ്ട് സ്വതന്ത്ര വചനങ്ങളാണ്; ഒന്ന് മറ്റേതിന്റെ ബാക്കിയോ വിശദീകരണമോ അല്ല. സൂറത്തു അഹ്സാബിലെ 45,46 വചനങ്ങള്‍ മുഹമ്മദ് നബി(സ്വ)യുടെ സവിശേഷതകള്‍ വിവരിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം സാക്ഷിയും സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലേക്ക് ക്ഷണിക്കുന്നവനുമാണ്; അതോടൊപ്പംതന്നെ അദ്ദേഹം ജനങ്ങള്‍ക്ക് പ്രകാശം നല്‍കുന്ന സ്വയം തന്നെ പ്രകാശിക്കുന്ന ഒരു വിളക്കുമാണ് (സിറാജന്‍ മുനീറാ). ഇതൊരു ഉപമാലങ്കാരമാണ്. മുഹമ്മദ് നബി(സ്വ) സ്വയം പ്രകാശിക്കുന്ന വിളക്കാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. അദ്ദേഹത്തിന്റെ കര്‍മ്മങ്ങളും നിര്‍ദ്ദേശങ്ങളും അനുവാദങ്ങളുമെല്ലാം അവസാനനാളുവരെയുള്ള മനുഷ്യര്‍ക്കെല്ലാം വെളിച്ചമായിത്തീരുന്നവയാണ്. മുഹമ്മദ് നബി(സ്വ)യെന്ന വിളക്കില്‍ നിന്ന് പുറപ്പെടുന്ന വെളിച്ചമാണ് സുന്നത്ത്. ഇസ്ലാമിന്റെ രണ്ടാമത്തെ പ്രമാണമാണത്. മുഹമ്മദ് നബി(സ്വ) സ്വയം വിളക്കായിത്തീര്‍ന്നതല്ല, പ്രത്യുത അല്ലാഹു അദ്ദേഹത്തെ വിളക്കാക്കിത്തീര്‍ത്തതാണ്. സ്വന്തം ജീവിതത്തിന്റെ പ്രകാശത്തിലൂടെ അവസാനനാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും വഴികാട്ടിയായിത്തീരുവാനുള്ള വിളക്ക്. കെട്ടുപോയ വിളക്കല്ല അദ്ദേഹം; പ്രകാശം നല്‍കികൊണ്ടിരിക്കുന്ന സജീവമായ വിളക്കാണ്-സിറാജന്‍ മുനീറാ. എത്ര സുന്ദരമായ ഉപമാലങ്കാരം!
അല്ലാഹുവിനെ പരിചയപ്പെടുത്തുന്ന അതിസുന്ദരമായ ഖുര്‍ആന്‍ വചനങ്ങളിലൊന്നാണ് സൂറത്തുന്നൂറിലെ 35 മത്തെ വചനം. ഇതും ഒരു ഉപമാലങ്കാരമാണ്. ആകാശഭൂമികളുടെ പ്രകാശമാണ് അല്ലാഹു. പ്രപഞ്ചത്തിന് മുഴുവന്‍ വെളിച്ചം നല്‍കുന്ന അവന്റെ പ്രകാശം മറ്റേതെങ്കിലും സ്രോതസ്സില്‍ നിന്ന് വരുന്നതല്ല. അവന്‍തന്നെയാണ് വിളക്കും വിളക്കുമാടവും അത് വെച്ചിരിക്കുന്ന സ്ഫടികക്കൂടുമെല്ലാം. പ്രകാശത്തിനു മേല്‍ പ്രകാശമാണവന്‍. അവന്റെ പ്രകാശത്തിലേക്ക് ആളുകളെ നയിക്കുന്നതും അവന്‍തന്നെ. ഇവിടെ അല്ലാഹുവിനെ കേവല പ്രകാശത്തോടല്ല ഉപമിച്ചിട്ടുള്ളതെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്. അവന്‍തന്നെയാണ് വിളക്കും വിളക്കുമാടവും സ്ഫടികക്കൂടുമെല്ലാം എന്ന് വ്യക്തമാക്കുകയും അവന്റെ പ്രകാശത്തിലേക്ക് അവന്‍ തന്നെയാണ് ജനങ്ങളെ നയിക്കുന്നതെന്ന് പഠിപ്പിക്കുകയും ചെയ്യുന്നതാണ് ഈ വചനം. അല്ലാഹുവിനെ എത്ര സുന്ദരമായാണ് ഈ ഉപമയിലൂടെ ഖുര്‍ആന്‍ പരിചയപ്പെടുത്തിയിരിക്കുന്നത്!
സൂറത്തുല്‍ അഹ്സാബിലെ വചനം മുഹമ്മദ് നബി(സ്വ)യെയും സൂറത്തുന്നൂറിലെ വചനം അല്ലാഹുവിനെയും സ്വതന്ത്രമായി ഉപമാലങ്കാരത്തിലൂടെ പരിചയപ്പെടുത്തുകയാണ് ചെയ്യുന്നത്. മുഹമ്മദ്നബി(സ്വ) വിളക്കും അദ്ദേഹത്തില്‍നിന്നു പുറപ്പെടുന്ന പ്രകാശം അല്ലാഹുവുമാണെന്ന് ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നുപോലുമില്ല. സ്വയം പ്രകാശിച്ചുകൊണ്ട് മനുഷ്യര്‍ക്ക് വെളിച്ചമാകുവാന്‍ അല്ലാഹു നിയോഗിച്ചതാണ് മുഹമ്മദ് നബി(സ്വ)യെന്ന് ഒന്നാമത്തെ വചനവും പ്രപഞ്ചത്തിന്റെ വിളക്കും വെളിച്ചവുമാണ് അല്ലാഹുവെന്ന് രണ്ടാമത്തെ വചനവും വ്യക്തമാക്കുന്നു. സൂര്യനെ വിളക്കും ചന്ദ്രനെ പ്രകാശവുമായി പരിചയപ്പെടുത്തിയ വചനങ്ങളിലാകട്ടെ രണ്ടും ഒരേ വചനത്തില്‍തന്നെ പ്രതിപാദിക്കുകയും ഒന്ന് മറ്റേതിന് ഉപോല്‍ബലകമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. സൂര്യനെ സിറാജും ചന്ദ്രനെ നൂറുമായി പരിചയപ്പെടുത്തിയതും അല്ലാഹുവിനെ നൂറും മിസ്വ്ബാഹുമായും മുഹമ്മദ് നബി(സ്വ)യെ സിറാജന്‍ മുനീറയായും പരിചയപ്പെടുത്തിയതും തമ്മില്‍ താരതമ്യത്തിനുതന്നെ പറ്റാത്തത്ര വ്യത്യാസമുണ്ടെന്ന് സാരം.
സൂര്യന്‍ ചെളിവെള്ളത്തിലേക്ക്...
ഖുര്‍ആന്‍ 18:86ല്‍ സൂര്യന്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞുപോവുന്നതായി പറയുന്നുണ്ടെന്നും ഭൂമിയേക്കാള്‍ ലക്ഷക്കണക്കിന് ഇരട്ടി വലിപ്പമുള്ളസൂര്യന്‍ ഒരു ജലാശയത്തില്‍ ആഴ്ന്നു പോവുകയെന്നു പറയുന്നത് വ്യക്തമായും അശാസ്ത്രീയമാണെന്നും ഖുര്‍ആന്‍ വിമര്‍ശകര്‍ വാദിക്കുന്നു. വിമര്‍ശിക്കപ്പെട്ട ഖുര്‍ആന്‍ വാക്യങ്ങള്‍ പരിശോധിക്കുക.
“അവര്‍ നിന്നോട് ദുല്‍ഖര്‍നൈനിയെപ്പറ്റി ചോദിക്കുന്നു. നീ പറയുക: അദ്ദേഹത്തെപ്പറ്റിയുള്ള വിവരം ഞാന്‍ നിങ്ങള്‍ക്ക് ഓതികേള്‍പിച്ച് തരാം. തീര്‍ച്ചയായും നാം അദ്ദേഹത്തിന് ഭൂമിയില്‍ സ്വാധീനം നല്‍കുകയും, എല്ലാ കാര്യത്തിനുമുള്ള മാര്‍ഗം നാം അദ്ദേഹത്തിന് സൌകര്യപ്പെടുത്തികൊടുക്കുകയും ചെയ്തു. അങ്ങനെ അദ്ദേഹം ഒരു മാര്‍ഗം പിന്തുടര്‍ന്നു. അങ്ങനെ അദ്ദേഹം സൂര്യാസ്തമനസ്ഥാനത്തെത്തിയപ്പോള്‍ അത് ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞ് പോകുന്നതായി അദ്ദേഹം കണ്ടു. അതിന്റെ അടുത്ത് ഒരു ജനവിഭാഗത്തെയും അദ്ദേഹം കണ്ടെത്തി. (അദ്ദേഹത്തോട്) നാം പറഞ്ഞു: ഹേ, ദുല്‍ഖര്‍നൈന്‍, ഒന്നുകില്‍ നിനക്ക് ഇവരെ ശിക്ഷിക്കാം. അല്ലെങ്കില്‍ നിനക്ക് അവരില്‍ നന്‍മയുണ്ടാക്കാം.” (18:83-86)
ഈ വചനത്തില്‍ സൂര്യന്‍ ചെളിവെള്ളത്തില്‍ ആഴ്ന്നു പോകുന്നുവെന്ന് പറഞ്ഞിട്ടില്ലെന്ന വസ്തുത ശ്രദ്ധിക്കുക. ദുല്‍ഖര്‍നൈനിയെ കുറിച്ചും അദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ചുമാണ് ഈ വചനങ്ങളിലെ പ്രതിപാദ്യം. അദ്ദേഹത്തിന്റെ യാത്രകള്‍ക്കിടയില്‍ സൂര്യന്‍ അസ്തമിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ “സൂര്യന്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ മറഞ്ഞു പോകുന്നതായി അദ്ദേഹം കണ്ടു”വെന്നാണ് ഖുര്‍ആന്‍ ഈ സൂക്തങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളത്. സൂര്യന്‍ ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നില്ല എന്ന് ഇന്ന് നമുക്കറിയാവുന്നതാണ്. ഭൂമിക്ക് ആപേക്ഷികമായി സൂര്യന്‍ നിശ്ചലാവസ്ഥയിലാണെന്നും ഭൂമിയുടെ സ്വയംഭ്രമണം മൂലമാണ് സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതുമായി നമുക്കനുഭവപ്പെടുന്നതെന്നുമുള്ളതാണല്ലോ വസ്തുത. എന്നാല്‍ ഭൂമിയില്‍ ജീവിക്കുന്ന ഓരോ മനുഷ്യരും സൂര്യോദയവും അസ്തമയവും അനുഭവിക്കുന്നുണ്ട്. ഭൂമിയിലുള്ളവര്‍ക്ക് ആപേക്ഷികമായി സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നുണ്ടെന്ന് സാരം. ഭൂമിയില്‍ ജീവിച്ചിരുന്ന ഒരാളായിരുന്ന ദുല്‍ഖര്‍നൈനിയും സൂര്യോദയവും സൂര്യാസ്തമയവും കണ്ടിട്ടുണ്ടാവണം. അദ്ദേഹത്തിന്റെ യാത്രയ്ക്കിടയില്‍ സൂര്യാസ്തമയം നടക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ചെളിവെള്ളമുള്ള ഒരു ജലാശയത്തില്‍ സൂര്യന്‍ അസ്തമിക്കുന്നതായി അദ്ദേഹം കണ്ട കാര്യമാണ് ഖുര്‍ആനില്‍ ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്. ‘ചെളിവെള്ളമുള്ള ജലാശയത്തില്‍ സൂര്യന്‍ മറഞ്ഞുപോയി’യെന്നത് ഖുര്‍ആനിന്റെ കേവല പരാമര്‍ശമല്ല, പ്രത്യുത ദൂര്‍ഖര്‍നൈനി കണ്ട കാര്യത്തിന്റെ പ്രതിപാദനം മാത്രമാണ്. ‘ഞാന്‍ ഇന്നലെ സൂര്യാസ്തമയ സമയത്ത് കോഴിക്കോട് കടപ്പുറത്ത് പോയപ്പോള്‍ സമുദ്രത്തില്‍ സൂര്യന്‍ മറഞ്ഞു പോകുന്നതായി കണ്ടു’വെന്ന പരാമര്‍ശത്തില്‍ എന്തെങ്കിലും അശാസ്ത്രീയതയുണ്ടോ? ഇല്ലെങ്കില്‍ ഖുര്‍ആന്‍ 18:86ലും യാതൊരു അശാസ്ത്രീയതയുമില്ല.
ചന്ദ്രനും ഈത്തപ്പനത്തണ്ടും
ചന്ദ്രന്‍ ഈന്തപ്പനക്കുലയുടെ വളഞ്ഞ തണ്ടു പോലെയായിത്തീരുന്നുവെന്ന ഖുര്‍ആന്‍ 36:39ലെ പരാമര്‍ശം അശാസ്ത്രീയമാണെന്നാണ് മറ്റൊരു വിമര്‍ശനം. വിമര്‍ശിക്കപ്പെട്ട ഖുര്‍ആന്‍ വചനം ശ്രദ്ധിക്കുക. “ചന്ദ്രന് നാം ചില ഘട്ടങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. അങ്ങനെ അത് പഴയ ഈന്തപ്പഴക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നു.” (36:39)
യഥാര്‍ഥത്തില്‍ ചന്ദ്രന്‍ ഈന്തപ്പനക്കുലയുടെ വളഞ്ഞ തണ്ടുപോലെയായിത്തീരുന്നില്ലെന്നും അങ്ങനെ ഭൂമിയിലുള്ള മനുഷ്യര്‍ക്ക് തോന്നുകയാണ് ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ ഈ ഖുര്‍ആന്‍ വചനം അശാസ്ത്രീയമാണ് എന്നുമാണ് വിമര്‍ശനം. ഈ ഖുര്‍ആന്‍ വചനത്തെ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ഈ വിമര്‍ശനവും അടിസ്ഥാനരഹിതമാണെന്ന് ബോധ്യപ്പെടുമെന്നുള്ളതാണ് വസ്തുത.
മനുഷ്യര്‍ക്ക് അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളെയും പ്രകൃതിയിലുള്ള ദൃഷ്ടാന്തങ്ങളെയും കുറിച്ച് വിവരിക്കുന്നതിനിടയിലാണ് സൂറത്തുയാസീനില്‍ ചന്ദ്രന് അല്ലാഹു കണക്കാക്കിയ ഘട്ടങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ‘ചന്ദ്രന്‍’ എന്ന് പ രിഭാഷപ്പെടുത്തിയിരിക്കുന്നത് ‘ഖമര്‍’ എന്ന അറബി പദത്തെയാണ്. ചന്ദ്രന്‍ പ്രകാശമാണെന്നാണ് ഖുര്‍ആനിലുടനീളം പറഞ്ഞിട്ടുള്ളത്. നൂര്‍, മുനീര്‍ എന്നിങ്ങനെ ചന്ദ്രനെ വിശേഷിപ്പിക്കുവാന്‍ ഖുര്‍ആന്‍ ഉപയോഗിച്ച പദങ്ങളെല്ലാം പ്രതിഫലിപ്പിക്കപ്പെടുന്ന പ്രകാശത്തെ ദ്യോതിപ്പിക്കുന്നവയാണ്. ഖമര്‍ (ചന്ദ്രന്‍) എന്നതുകൊണ്ടുള്ള വിവക്ഷ ആകാശത്തു നിലനില്‍ക്കുന്ന ഖരഗോളമെന്നതിലുപരിയായി ഭൂമിയില്‍നിന്ന് കാണുന്നതെന്താണോ അതാണെന്ന് ഇത് വ്യക്തമാക്കുന്നു. ഖമറിന്റെ രൂപ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഹിലാല്‍ (ചന്ദ്രക്കല), ബദ്റ് (പൂര്‍ണ ചന്ദ്രന്‍) എന്നിങ്ങനെയുള്ള പ്രയോഗങ്ങളും അറബിയിലുണ്ട്. ചന്ദ്രന് ഘട്ടങ്ങളെ നിര്‍ണയിച്ചതായും അത് ഈന്തപ്പനക്കുലയുടെ വളഞ്ഞ തണ്ടുപോലെ ആയിത്തീരുന്നതുമായുള്ള ഖുര്‍ആന്‍ പരാമര്‍ശങ്ങള്‍ ഭൂമിക്ക് ആപേക്ഷികമായി നടക്കുന്ന ചന്ദ്രപ്രതിഭാസങ്ങളെ കുറിക്കുന്നവയാണ്. ഖമര്‍ തന്നെയാണ് ബദ്റ്; ഖമര്‍ തന്നെയാണ് ഹിലാല്‍. “ഖമര്‍ ഹിലാലായിത്തീരുന്നു”വെന്ന പരാമര്‍ശം ഒരു സാധാരണ അറബി പ്രയോഗമാണ്. ഹിലാലിന്റെ ഉപമാലങ്കാരമാണ് “ചന്ദ്രന്‍ പഴയ ഈന്തപ്പനയുടെ വളഞ്ഞ തണ്ടുപോലെ” ആയിത്തീരുകയെന്നത്. “ഖമറിന്റെ ആദ്യ ഘട്ടമാണ് ഹിലാല്‍” എന്ന പരാമര്‍ശം അശാസ്ത്രീയമല്ലാത്തതു പോലെത്തന്നെ ഈ ഉപമാലങ്കാരത്തിലും യാതൊരുവിധ അശാസ്ത്രീയതകളുമില്ല.
തെറ്റു പറ്റാത്ത വചനങ്ങള്‍
ബാഹ്യമായി ശരിയായിത്തോന്നുന്ന ചില പ്രസ്താവനകള്‍ അഗാധമായ പഠനത്തില്‍ അബദ്ധങ്ങളുള്‍ക്കൊള്ളുന്നതാണെന്ന് ബോധ്യപ്പെടാറുണ്ട്. ശാസ്ത്രഗ്രന്ഥങ്ങളിലും മതഗ്രന്ഥങ്ങളിലുമെല്ലാം ഇത്തരം പ്രസ്താവനകള്‍ കാണാനാവും. സാധാരണവ്യവഹാരങ്ങളില്‍ പൂര്‍ണമായും ശരിയായി അനുഭവപ്പെടുന്ന ‘ന്യൂട്ടന്റെ ചലനനിയമങ്ങള്‍’ പ്രകാശത്തോടടുത്ത പ്രവേഗത്തില്‍ ശരിയല്ലാത്തതായി അനുഭവപ്പെടുമെന്ന് സ്ഥാപിച്ചു കൊണ്ടാണല്ലോ ഐന്‍സ്റയിന്‍ ആപേക്ഷികതാ സിദ്ധാന്തങ്ങള്‍ അവതരിപ്പിച്ചത്. ഒറ്റ നോട്ടത്തില്‍ അബദ്ധങ്ങളൊന്നുമുള്‍ക്കൊള്ളുന്നില്ലെന്ന് തോന്നുന്ന “ദൈവം മഹാദീപങ്ങള്‍ സൃഷ്ടിച്ചു; പകലിനെ നയിക്കാന്‍ വലുത്, രാത്രിയെ നയിക്കാന്‍ ചെറുത്” (ഉല്‍പത്തി 1:6) എന്ന ബൈബിള്‍ വചനം സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ ബൈബിള്‍ രചയിതാക്കള്‍ക്കിടയിലുണ്ടായിരുന്ന അബദ്ധധാരണകളുടെ സ്വാധീനമുള്‍ക്കൊള്ളുന്നതായി മനസ്സിലാക്കാനാവുമെന്ന് ബൈബിള്‍ ഗവേഷകരില്‍ ചിലര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ‘മഹാദീപ’മെന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘ഗഡോള്‍ മ’ഓര്‍”(gadowl ma’owr) എന്ന ഹിബ്രു ശബ്ദത്തെയാണ്. വിളക്കിനാണ് മ’ഓര്‍ എന്ന് പറയുകയെന്ന് ബൈബിളിന്റെ ആധികാരിക ശബ്ദകോശമായ സ്ട്രോങ്ങ് ലക്സിക്കണ്‍ വ്യക്തമാക്കുന്നു. (Strongs Lexicon H -3974)പ്രകാശവുമായി ബന്ധപ്പെടുത്തി പറയുമ്പോള്‍ സൂര്യനെയും ചന്ദ്രനെയും കുറിക്കുവാന്‍ ഒരേപദം ഉപയോഗിച്ചിരിക്കുന്നത് സൂക്ഷ്മമായ അര്‍ഥത്തിലുള്ള ഒരു അബദ്ധമാണെന്നാണ് വാദം. സൂര്യചന്ദ്ര•ാര്‍ ആകാശത്ത് നിര്‍വഹിക്കുന്ന ദൌത്യം രണ്ടാണെന്നിരിക്കെ, രണ്ടിനെയും ദീപമായി ഉപമിച്ചിരിക്കുന്നത് ശരിയല്ലെന്നും പ്രകാശം പുറപ്പെടുവിക്കുന്ന സൂര്യന്‍ ദീപമാണെങ്കില്‍ അത് പ്രതിഫലിപ്പിക്കുന്ന ചന്ദ്രന്‍ പ്രകാശപ്രതിബിംബം മാത്രമാണെന്നും രണ്ടും പ്രകാശം പുറപ്പെടുവിക്കുന്ന ആകാശഗോളങ്ങളാണെന്ന അബദ്ധധാരണയില്‍ നിന്നാണ് ഈ ഉപമാപ്രയോഗമുണ്ടായിരിക്കുന്നത് എന്നതുകൊണ്ടു തന്നെ ഈ പ്രയോഗം സ്ഖലിതമാണെന്നുമുള്ള വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെന്ന് തന്നെയാണ് ബൈബിള്‍ പരാമര്‍ശങ്ങളെയും അതിന്റെ രചനാചരിത്രത്തെയും കുറിച്ച് പഠിച്ചാല്‍ നമുക്ക് മനസ്സിലാവുക.
ഇതില്‍ നിന്നും തികച്ചും ഭിന്നമാണ് ഖുര്‍ആനിലെ പരാമര്‍ശങ്ങള്‍. അതില്‍ ശരി മാത്രമെയുണ്ടാവൂ; ബാഹ്യമായ പരിശോധനയിലും അതിസൂക്ഷ്മമായ അപഗ്രഥനത്തിലുമെല്ലാം ഖുര്‍ആനിലെ ശരികള്‍ മാത്രമാണ് ഒരു അന്വേഷകന് കണ്ടെത്താന്‍ കഴിയുക. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഏതെങ്കിലുമൊരു പ്രകൃതിപ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ വചനങ്ങളെ പഠിച്ചവര്‍ മനസ്സിലാക്കിയ അതേ ഉപസംഹാരത്തില്‍ തന്നെ ഇന്ന് പ്രസ്തുത വചനങ്ങളെ അപഗ്രഥിക്കുന്നവരും എത്തിച്ചേരുന്നുവെന്നത് ഒരു അത്ഭുതം തന്നെയാണ്; പ്രസ്തുത അത്ഭുതമാകട്ടെ ഇന്ന് ഭൂമിയില്‍ ഖുര്‍ആനിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്നതുമാണ്.
ഇണകളെ കുറിച്ച ഖുര്‍ആന്‍ വചനങ്ങള്‍ ഉദാഹരണമായെടുക്കുക “എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി.” (51:49)
എല്ലാവസ്തുക്കളിലും ഇണകളുണ്ട് എന്ന വചനത്തെ ബാഹ്യമായി അപഗ്രഥിച്ചാല്‍ ജീവിവര്‍ഗങ്ങളിലും സസ്യജാലങ്ങളിലും പെട്ട ഇണകളെകുറിച്ചാകാം ഇതെന്ന് ആര്‍ക്കും മനസ്സിലാവും. മനുഷ്യരിലും സസ്യവര്‍ഗങ്ങളിലും എല്ലാം പെട്ട ഇണകളെകുറിച്ച് ഖുര്‍ആന്‍ പ്രത്യേകം എടുത്ത് പറയുന്നുമുണ്ട്.
“നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.” (20:53)
“നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്.” (30:21)
മനുഷ്യരില്‍ നിന്നുള്ള ഇണകളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ വളരെ കൃത്യമായ ചില പ്രയോഗങ്ങള്‍ നടത്തുന്നുണ്ട്. ആണിനെയും പെണ്ണിനെയും വ്യവഛേദിക്കുന്നത് സ്രവിക്കപ്പെടുന്ന ബീജമാണെന്ന വസ്തുത ഖുര്‍ആന്‍ വ്യക്തമാക്കുന്നു. “ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്…” (53:45,46)
പുരുഷ ബീജത്തിലെ ക്രോമോസോമുകളാണ് കുഞ്ഞിന്റെ ലിംഗനിര്‍ണയം നടത്തുന്നതിന്റെ അടിത്തറയായി വര്‍ത്തിക്കുന്നതെന്ന വസ്തുത ഇന്ന് നമുക്കറിയാം. പെണ്‍കോശങ്ങളില്‍ ലിംഗക്രോമോസോമായ X മാത്രമെ കാണൂ; ഒരേ തരത്തിലുള്ള രണ്ട് ക്രോമസോമുകള്‍. അതിന് ഊനഭംഗം നടന്നുണ്ടാവുന്ന ലിംഗ കോശത്തില്‍-അണ്ഡം-ഒരേയൊരു X ക്രോമസോം മാത്രമെയുണ്ടാവൂ. എന്നാല്‍ ആണ്‍ കോശങ്ങളില്‍ X,Y എന്നീ രണ്ട് ലിംഗ ക്രോമസോമുകളുമുണ്ടാവൂം. ഊനഭംഗത്തിലൂടെ പുംബീജങ്ങളുണ്ടാവുമ്പോള്‍ അതില്‍ പകുതി X ക്രോമസോം ഉള്‍ക്കൊള്ളുന്നതും പകുതി Y ക്രോമസോം ഉള്‍ക്കൊള്ളുന്നതുമായിരിക്കും. X ഉള്‍ക്കൊള്ളുന്ന ബീജമാണ് അണ്ഡവുമായി യോജിക്കുന്നതെങ്കില്‍ അതുമൂലമുണ്ടാകുന്ന സിക്താണ്ഡം വളര്‍ന്ന് പെണ്‍കുട്ടിയുംY ക്രോമസോം ഉള്‍ക്കൊള്ളുന്ന ബീജവുമായാണ് അണ്ഡവുമായി സങ്കലിക്കുന്നതെങ്കില്‍ അത് ആണ്‍കുട്ടിയുമായിത്തീരുമെന്നതാണ് പൊതുവായ അവസ്ഥ. സ്രവിക്കപ്പെടുന്ന ബീജത്തില്‍ നിന്നാണ് ആണ്‍, പെണ്‍ തുടങ്ങിയ ഇണകളുണ്ടായിത്തീരുന്നതെന്ന ഖുര്‍ആനിക പരാമര്‍ശം എത്ര കൃത്യം! സൂക്ഷ്മം! “ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്…” (53:45,46)
കൂറേക്കൂടി സൂക്ഷ്മമായ പരിശോധനയില്‍ ഓരോ തവണ സ്രവിക്കപ്പെടുന്ന ബീജങ്ങളെയും നമുക്ക് ആണ്‍ ബീജങ്ങളായും പെണ്‍ബീജങ്ങളായും വിഭജിക്കുവാനാകുമെന്ന് ബോധ്യപ്പെടുന്നു. X ക്രോമസോം ഉള്‍ക്കൊള്ളുന്നവ പെണ്‍ബീജങ്ങള്‍;Y ക്രോമസോം ഉള്‍കൊള്ളുന്നവ ആണ്‍ബീജങ്ങള്‍. സ്രവിക്കപ്പെടുന്ന ബീജത്തില്‍ തന്നെ ആണ്‍, പെണ്‍ എന്നീ രണ്ടു തരം ഇണകളുമുണ്ടെന്ന ഖുര്‍ആനിക പരാമര്‍ശം വളരെ കൃത്യമാണെന്ന് സൂക്ഷ്മ പരിശോധനയില്‍ തെളിയുന്നു.
നടേ ഉദ്ധരിച്ച ഇണകളെ കുറിച്ച് പരാമര്‍ശിക്കുന്ന ഖുര്‍ആന്‍ സൂക്തം പരിശോധിക്കുക. “എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുവാന്‍ വേണ്ടി.” (51:49). എല്ലാ വസ്തുക്കളില്‍ നിന്നും ഈരണ്ട് ഇണകളെ സൃഷ്ടിച്ചിരിക്കുന്നുവെന്നാണ് ഖുര്‍ആന്‍ ഇവിടെ പറയുന്നത്. വസ്തുകളെല്ലാം നിര്‍മിക്കപ്പെട്ടിരിക്കുന്നത് ആറ്റങ്ങളെ കൊണ്ടാണെന്ന് ഇന്ന് നമുക്കറിയാം. എന്തുകൊണ്ടാണ് ആറ്റങ്ങള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്? പോസിറ്റീവ് ചാര്‍ജുള്ള ന്യൂക്ളിയസിന് പുറത്ത് പിടികൊടുക്കാതെ തെന്നിമാറിക്കൊണ്ടിരിക്കുന്ന ഇലക്ട്രോണ്‍ മേഘപടലമാണ് ആറ്റമെന്ന ചിത്രമാണ് ക്വാണ്ടം ബലതന്ത്രത്തിന്റേത്. പോസിറ്റീവ് ചാര്‍ജുള്ള പ്രോട്ടോണുകളും അതിനു തുല്യമായ എണ്ണം നെഗറ്റീവ് ചാര്‍ജുള്ള ഇലക്ട്രോണുകളും ചേര്‍ന്നാണ് ആറ്റത്തിന്റെ ഘടനയും സ്വഭാവങ്ങളുമെല്ലാം നിര്‍ണയിക്കുന്നത്. ഇലക്ട്രോണുകളും പ്രോട്ടോണുകളുമാകുന്ന ഇണകളുടെ പാരസ്പര്യമാണ് ആറ്റോമികലോകത്ത് നടക്കുന്നത്. ഖുര്‍ആന്‍ പറഞ്ഞതാണ് ശരി. എല്ലാ വസ്തുക്കളിലും പെട്ട ഇണകളെ സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!
നമുക്ക് അറിയുന്നതും അറിയാത്തതുമായ വസ്തുകളെല്ലാം നിലനില്‍ക്കുന്നത് ഇണകളുടെ പാരസ്പര്യത്താലാണെന്നാണ് ഖുര്‍ആന്‍ നല്‍കുന്ന സൂചന. സൂറത്തു യാസീനിലെ ശ്രദ്ധേയമായ ഒരു വചനം ശ്രദ്ധിക്കുക. “ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!” (36:36)
ഈ വചനത്തിലെ ‘അവര്‍ക്കറിയാന്‍ പറ്റാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍’ എന്ന പരാമര്‍ശം ഏറെ ശ്രദ്ധേയമാണ്.
നമുക്ക് അറിയാവുന്നതും അല്ലാത്തതുമായ വസ്തുക്കളെല്ലാം സൃഷ്ടിക്കപ്പട്ടിട്ടുള്ളത് ഇണകളായിട്ടാണ് എന്ന വസ്തുതയാണ് ആറ്റോമിക് ഭൌതികം നമുക്ക് നല്‍കിക്കൊണ്ടിരിക്കുന്ന അറിവുകളിലൊന്ന്. ഇലക്ട്രോണ്‍, പ്രോട്ടോണ്‍ എന്നീ ഇണകളുടെ പാരസ്പര്യത്താലാണ് ആറ്റത്തിന്റെ നിലനില്‍പെന്ന് പറഞ്ഞുവല്ലോ. ന്യൂട്രോണുകളും പ്രോട്ടോണുകളും നിര്‍മിക്കപ്പെട്ടിരിക്കുന്നത് ആറു തരം ക്വാര്‍ക്കുകളെ കൊണ്ടാണ്. ഈ ക്വാര്‍ക്കുകളെ വേര്‍പിരിക്കുവാന്‍ സാധ്യമല്ല. ന്യൂട്രോണുകള്‍ക്കും പ്രോട്ടോണുകള്‍ക്കുമകത്തുള്ള ഓരോ ക്വാര്‍ക്കും അതിന്റെ ആന്റിക്വാര്‍ക്കുമായി പരസ്പരം ഇണചേര്‍ന്നു കിടക്കുകയാണ്. അവയെ വേര്‍പിരിക്കുവാനേ സാധ്യമല്ല. ഒരിക്കലും വേര്‍പിരിക്കാനാവാത്ത ഈ ഇണചേരലിനെയാണ് ‘ഇന്‍ഫ്രാറെഡ് അടിമത്തം’(infrared slavery)അല്ലെങ്കില്‍ ‘വര്‍ണപരിമിതപ്പെടുത്തല്‍’ (colour confinement) എന്നു വിളിക്കുന്നത്. ക്വാര്‍ക്കുകള്‍ തമ്മിലുള്ള അതിശക്തമായ ഇണചേരലിനെ കുറിച്ച പഠനശാഖയാണ് ക്വാണ്ടം ക്രോമോഡൈനാമിക്സ് (quantum chromodynamics)ഖുര്‍ആനിനോടൊപ്പം നമ്മളും പറഞ്ഞു പോകുന്നു, നമുക്കറിയാത്ത വസ്തുക്കളില്‍ പോലും ഇണകളെ സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!
ഇങ്ങനെ, അറിയും തോറും എല്ലാ വസ്തുകളിലുമുള്ള ഇണകളെ പറ്റി നമുക്ക് കൂടുതല്‍ കൂടുതല്‍ മനസ്സിലാവുന്നു! ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ലാര്‍ജ് ഹൈഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം ഇത്തരമൊരു ഇണയെക്കൂടി തിരഞ്ഞുകൊണ്ടുള്ളതാണല്ലോ. പ്രപഞ്ചത്തെ വിശദീകരിക്കുവാന്‍ ഇന്ന് ഉപയോഗിക്കുന്ന സ്റാന്റേര്‍ഡ് മോഡല്‍ പ്രകാരം, ശ്യാമഊര്‍ജത്തെയും ശ്യാമദ്രവ്യത്തെയും കുറിച്ച് കൃത്യമായി അറിയുവാന്‍ ഉപയോഗിക്കുന്ന സൂപ്പര്‍ സിമ്മട്രിയിലെ ഓരോ കണത്തിനുമുള്ള സൂപ്പര്‍ പങ്കാളികളെ (super partners) കണ്ടെത്തുകയാണല്ലോ ആയിരം കോടി ഡോളര്‍ ചെലവു ചെയ്തു നിര്‍മിച്ച എല്‍.എച്ച്.സി യുടെ ലക്ഷ്യങ്ങളിലൊന്ന്. വസ്തുക്കള്‍ നിര്‍മിക്കാനുപയോഗിക്കപ്പെട്ട കൂടുതല്‍ സൂക്ഷ്മമായ ഇണകളെ കുറിച്ച് ലോകം അറിഞ്ഞുകൊണ്ടിരിക്കുകയാണ്. അഗാധതകളിലേക്ക് പോകുമ്പോള്‍ ഇണകളുടെ പാരസ്പര്യമാണ് സൃഷ്ടിപ്രപഞ്ചത്തിലെ എല്ലാത്തിനും നിദാനമെന്ന് മാനവരാശി മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു; ഒപ്പം തന്നെ ഒരിക്കലും തെറ്റുപറ്റാത്ത വചനങ്ങളാണ് ഖുര്‍ആനിലുള്ളതെന്നും.
അലൈംഗിക പ്രത്യുല്‍പാദനം
എല്ലാ സസ്യങ്ങളെയും ഇണകളായി സൃഷ്ടിച്ചുവെന്ന ഖുര്‍ആനിക പരാമര്‍ശം കാണ്ഡം മുറിച്ച് നടുന്ന സസ്യങ്ങളുണ്ടെന്ന വസ്തുതയുടെ വെളിച്ചത്തില്‍ അബദ്ധമാണെന്ന് വിമര്‍ശിക്കപ്പെടാറുണ്ട്.
സസ്യങ്ങള്‍ക്കിടയില്‍ ഇണകളുണ്ടെന്ന് വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളുടെ സാരം ഇങ്ങനെയാണ്. “നിങ്ങള്‍ക്ക് വേണ്ട ഭൂമിയെ തൊട്ടിലാക്കുകയും, നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഏര്‍പെടുത്തിത്തരികയും, ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അങ്ങനെ അത് (വെള്ളം) മൂലം വ്യത്യസ്ത തരത്തിലുള്ള സസ്യങ്ങളുടെ ജോടികള്‍ നാം (അല്ലാഹു) ഉല്‍പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.” (20:53)
“ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും, അവരുടെ സ്വന്തം വര്‍ഗങ്ങളിലും, അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!” (36:36)
ഈ സൂക്തങ്ങളിലൊന്നും തന്നെ സസ്യങ്ങളിലെല്ലാം പ്രത്യുല്‍പാദനം നടക്കുന്നത് ഇണകള്‍ തമ്മിലുള്ള ലൈംഗികബന്ധം വഴിയാണെന്ന സൂചനകളൊന്നും തന്നെയില്ല. സസ്യങ്ങള്‍ക്കിടയില്‍ ഇണകളുണ്ടെന്ന് മാത്രമാണ് ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നത്. ലൈംഗിക പ്രത്യുല്‍പാദനവും അലൈംഗിക പ്രത്യുല്‍പാദനവും സസ്യങ്ങള്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന വസ്തുതയെ ഈ വചനങ്ങള്‍ നിഷേധിക്കുന്നില്ല.
പൂക്കളാണ് സസ്യങ്ങളിലെ പ്രത്യുല്‍പാദന കേന്ദ്രം. രണ്ടുതരം പൂക്കളുണ്ട്. ഏകലിംഗികളും(unisexual)ദ്വിലിംഗികളും(bisexual). ആണ്‍ ലൈംഗികാവയവമായ കേസരങ്ങളോ(androecium) പെണ്‍ലൈംഗികാവയവമായ ജനിയോ(gynoecium)മാത്രമുള്ള പുഷ്പങ്ങളാണ് ഏകലിംഗികള്‍. ഒരേ പുഷ്പത്തില്‍ തന്നെ ഇവ രണ്ടുമുണ്ടെങ്കില്‍ അവയെ ദ്വിലിംഗികള്‍ എന്നും വിളിക്കുന്നു. കേസരങ്ങളിലെ പരാഗികളില്‍(anther) നിന്ന് പരാഗം ജനിയില്‍ പതിക്കുമ്പോഴാണ് ബീജസങ്കലനം നടക്കുന്നത്. പരാഗം ജനിയില്‍ പതിക്കുന്ന പ്രക്രിയക്കാണ് പരാഗണം(pollination) എന്നു പറയുന്നത്. ഒരു പുഷ്പത്തിലെ പരാഗം അതേ പുഷ്പത്തിലെ ജനിയില്‍ പതിക്കുന്നതിന് സ്വയംപരാഗണം എന്നും മറ്റൊരു പുഷ്പത്തിലെ ജനിയില്‍ പതിക്കുന്നതിന് പരപരാഗണം എന്നും പറയുന്നു. ചില ചെടികള്‍ സ്വയം പരാഗണം നടത്തുന്നു; മറ്റു ചിലവ പരപരാഗണവും. ഇങ്ങനെ പരാഗണം നടത്തുന്ന ചെടികളില്‍ ചിലതിനെ കാണ്ഡത്തില്‍ നിന്ന് മാത്രമായി വളര്‍ത്തിയെടുക്കാന്‍ കഴിയും. മരച്ചീനിയും ചെമ്പരത്തിയും റോസാചെടിയുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ഇവയില്‍ പുഷ്പങ്ങളും അതില്‍ ലൈംഗികാവയവങ്ങളുമുണ്ട്. അവ തമ്മില്‍ പരാഗണം നടക്കുന്നുണ്ടെങ്കിലും കായുണ്ടാകുന്നതിന് അത് നിമിത്തമാകുന്നില്ല; അതിന് മറ്റുചില ധര്‍മങ്ങളാണുള്ളത്. മുറിച്ച് നട്ടുകൊണ്ട്, കാണ്ഡത്തില്‍ നിന്നാണ് പുതിയ ചെടിയുണ്ടാവുന്നത്. ചെടിയുണ്ടാവുന്നത് ലൈംഗിക പ്രത്യുല്‍പാദനം വഴിയല്ലെങ്കിലും ഇവയിലും പൂക്കളുണ്ട്, അവയില്‍ ആണവയവങ്ങളും പെണ്ണവയവങ്ങളുമുണ്ട്. അവയും ഇണകളായാണ് സ്ഥിതി ചെയ്യുന്നത് എന്ന് സാരം.
അലൈംഗിക പ്രത്യുല്‍പാദനം മാത്രം നടത്തിവരുന്ന ജീവികളായി വ്യവഹരിക്കപ്പെട്ടു പോന്നിരുന്ന അമീബയെപ്പോലുള്ള ജീവികളില്‍ പോലും ചില ലൈംഗിക പെരുമാറ്റങ്ങളുണ്ടെന്ന് ഈയിടെയായി ശാസ്ത്രജ്ഞന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ചില അമീബകള്‍ മറ്റു ചിലവയുടെ ഇണകളായി വര്‍ത്തിക്കുന്നുണ്ടത്രെ! എഡിന്‍ ബര്‍ഗ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.ed.ac.uk) ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചത് കാണാം. എല്ലാം ഇണകളായാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ഖുര്‍ആനിക പരാമര്‍ശത്തിന്റെ കൃത്യതയിലേക്കാണ് ഈ ഗവേഷണങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത്.
http://www.youtube.com/watch?v=b1tXk-PfcHg
No comments:
Post a Comment